ഒരു കാട്. എല്ലാ കാടും പോലെ ഈ കാട്ടിലും ഒരു സിംഹരാജാവും മാനും പുലിയും കടുവയും എല്ലാമുണ്ടായിരുന്നു. ആ കാട്ടില്‍ കുറേ കുറുക്കന്മാരുമുണ്ടായിരുന്നു. മാനിനേയും മുയലിനേയും കൊന്നു തിന്നായിരുന്നു കുറുക്കന്മാര്‍ ജീവിച്ചിരുന്നത്.
ഒരിക്കല്‍ കുറുക്കന്മാരിലൊരാള്‍ മുയലിനെയും മാനിനെയും അന്വേഷിച്ചു നടക്കുമ്പോള്‍ ഒരു മനുഷ്യന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ തലകുത്തി നില്ക്കുന്നത് കണ്ടു.
കുറുക്കന്‍ മനുഷ്യനോട് എന്തിനാണു തലകുത്തി നില്ക്കുന്നതെന്നു ചോദിച്ചു. അയാള്‍ പറഞ്ഞു ഞാനൊരു സന്യാസിയാണ്. ഒരു ജീവിയേയും ഉപദ്രവിക്കാതെ തപസ്സുചെയ്ത് ജീവിക്കാനാണു കാട്ടിലെത്തിയത്.
സന്യാസിയോട് കുറച്ചു നേരം സംസാരിച്ചപ്പോള്‍ കുറുക്കനും മറ്റു ജീവികളെ ഉപദ്രവിക്കുന്നത് അവസാനിപ്പിച്ചാലോ എന്നു തോന്നി. ആ കുറുക്കന്‍ അതിനു ശേഷം മറ്റു മുയലുകളേയോ മാനുകളേയോ കൊന്നു തിന്നാതായി. പഴങ്ങളും വീണു കിടക്കുന്ന ഉണക്കയിലകളും മാത്രമായി ആ കുറുക്കന്റെ ഭക്ഷണം. പതിയെപ്പതിയെ ആ കുറുക്കന്‍ ഒരു സന്യാസിയായി മാറി.
കുറുക്കന്‍ സന്യാസിയെക്കുറിച്ചുള്ള പ്രശസ്തി കാടാകെ പരന്നു. ആ സന്യാസിക്കുറുക്കനെക്കുറിച്ച് കേട്ടറിഞ്ഞ സിംഹരാജനു കുറുക്കനെ തന്റെ മന്ത്രിയാക്കിയാല്‍ കൊള്ളാമെന്നു തോന്നി. സിംഹരാജന്‍ വന്നു കുറുക്കനോട് മന്ത്രിയാകാമോ എന്നു ചോദിച്ചു. കുറുക്കന്‍ സമ്മതം മൂളി. അങ്ങനെ സന്യാസിയായ കുറുക്കന്റെ ഉപദേശത്തോടെ സിംഹരാജന്‍ കാടു വളരെ നന്നായി ഭരിക്കാന്‍ തുടങ്ങി. സിംഹരാജന്‍ കുറുക്കനോട് അതിരറ്റ ബഹുമാനത്തോടെയായിരുന്നു പെരുമാറിയിരുന്നത്. എന്തും സന്യാസി മന്ത്രിയോട് ചോദിച്ചേ ചെയ്യൂ.
എന്നാല്‍ മറ്റു കുറുക്കന്മാര്‍ക്ക് സന്യാസിയോട് ഭയങ്കര അസൂയയായി. അവര്‍ സന്യാസിക്കുറുക്കനെ ചതിക്കാന്‍ പദ്ധതിയിട്ടു.
ഒരു ദിവസം സിംഹരാജാവ് കഴിക്കാന്‍ വച്ചിരുന്ന മാംസഭക്ഷണം മറ്റു കുറുക്കന്മാര്‍ മോഷ്ടിച്ച് സന്യാസിക്കുറുക്കന്റെ മുറിയില്‍ കൊണ്ടു പോയി വച്ചു. എന്നിട്ട് സിംഹരാജനോട് സന്യാസിക്കുറുക്കന്‍ അങ്ങയുടെ ഭക്ഷണം മോഷ്ടിക്കുന്നത് ഞങ്ങള്‍ കണ്ടു എന്നു പറഞ്ഞു.
ആദ്യം സിംഹരാജന്‍ അതു വിശ്വസിച്ചില്ലെങ്കിലും പിന്നീട് തന്റെ ഭക്ഷണം കുറുക്കന്റെ മുറിയില്‍ നിന്നും കണ്ടെടുത്തതോടെ കുറുക്കന്‍ സന്യാസിയല്ല ചതിയനാണെന്നു കരുതി. സന്യാസിക്കുറുക്കനെ ജയിലിട്ടു.
ഇതെല്ലാം നടക്കുമ്പോള്‍ രാജാവിന്റെ അമ്മ സിംഹം അവിടെ ഇല്ലായിരുന്നു. അയല്‍രാജ്യം സന്ദര്‍ശിക്കാന്‍ പോയ അമ്മ സിംഹം രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ സന്യാസിയെ ജയിലിലിട്ടതായി അറിഞ്ഞു. മന്ത്രി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നു അമ്മ സിംഹം സിംഹരാജാവിനോട് പറഞ്ഞു. രാജാവ് ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടു. വീണ്ടും അന്വേഷിച്ചപ്പോള്‍ കുറേ കുറുക്കന്മാര്‍ സന്യാസിക്കുറുക്കനെ ചതിച്ചതാണെന്നു മനസ്സിലായി. ആ ചതിയന്മാരായ കുറുക്കന്മാരെയെല്ലാം ജയിലിലടക്കാന്‍ സിംഹരാജാവ് ഉത്തരവിട്ടു.
സന്യാസിക്കുറുക്കനെ ജയിലില്‍ നിന്നും മോചിപ്പിച്ചു. സന്യാസിയുടെ കാലുപിടിച്ച് സിംഹരാജന്‍ തെറ്റിദ്ധരിച്ചതിനു മാപ്പ് പറഞ്ഞു. തുടര്‍ന്നും മന്ത്രിയായിരിക്കാന്‍ സന്യാസിയോട് അപേക്ഷിച്ചു.
സന്യാസിക്കുറുക്കന്‍ പറഞ്ഞു. "വിശ്വാസം, അത് ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടില്ല. അതു കൊണ്ട് എനിക്കിനി മന്ത്രിയാവേണ്ട, എന്നെ കാട്ടില്‍ പോയി വീണ്ടും പഴയ പോലെ സന്യാസിയായി ജീവിക്കന്‍ അനുവദിച്ചാലും". അങ്ങനെ കുറുക്കന്‍ വീണ്ടും കാട്ടില്‍ പോയി പഴയപോലെ പഴങ്ങളും ഇലകളും മാത്രം ഭക്ഷിച്ച് തപസ്സുചെയ്ത് ജീവിച്ചു.
No comments:
Post a Comment