Monday, November 22, 2010

വീട്ടമ്മയും , ചിത്രകാരനും

വീട്ടമ്മ ഒരിക്കല്‍ ഒരു ചിത്രകാരനെ കൊണ്ട് തന്റെ ചിത്രം വരപ്പിച്ചു. ചിത്രകാരന്‍ വളരെ മനോഹരമായി തന്നെ അവരെ വരച്ചു. എല്ലാം കഴിയാറായപ്പോള്‍ വീട്ടമ്മ ചിത്രകാരനോട് പറഞ്ഞു. ഒരു വൈരമാല കൂടെ എന്റെ ചിത്രത്തില്‍ വരക്കണം. ചിത്രകാരന്‍ അവരോടു ചോദിച്ചു. "അതെന്തിനാണ്? നിങ്ങള്ക്ക് വൈര മാല ഇല്ലല്ലോ... ?". വീട്ടമ്മ പറഞ്ഞു,"എനിക്ക് വലിയ ഒരു രോഗം ബാധിച്ചിരിക്കയാണ്. ഞാന്‍ മരിച്ചാല്‍ എന്റെ ഭര്‍ത്താവ് വേറെ പെണ്ണിനെ കെട്ടും. അവള്‍ ഈ വൈരമാല ചോദിച്ചു എന്റെ ഭര്‍ത്താവിന്റെ സ്വൈരം കെടുത്തും. അങ്ങനെ ഞാന്‍ മരിച്ചാല്‍ എന്റെ ഭര്‍ത്താവ് വേറെ പെണ്ണുമായി മന സമാധാനത്തോടെ സുഖിക്കണ്ട.". ചിത്രകാരന്‍ ഞെട്ടി പോയി.

ചില ആളുകള്‍ അങ്ങിനെ ആണ്. എന്ത് ചെയ്താലും മറ്റുള്ളവരെ ദ്രോഹിക്കണം എന്ന വിചാരം ഉണ്ടാവും. ഞാന്‍ നന്നായില്ലെങ്കിലും മറ്റുള്ളവര്‍ നന്നാവരുത് എന്ന ചീത്ത സ്വഭാവം ആണ് അത്. "എന്റെ" എന്നുള്ള വിചാരം തന്നെ ഹിംസ ആണ്.
അവനവന്നാത്മ സുഖത്തിനായ് ആച്ചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം
എന്ന ഗുരുദേവ വാക്യം ഓര്‍മ്മിച്ചു കൊണ്ട് വേണം നമ്മള്‍ ജീവിക്കാന്‍.

സുന്ദരിയായ പെൺകുട്ടി

ഒരിക്കൽ ഒരു മുതിർന്ന സന്യാസിയും ശിഷ്യന്മാരും തീർത്ഥാടനത്തിന്റെ ഭാഗമായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു. ഭാരതവർഷത്തിലെ പുണ്യസ്ഥലങ്ങളിലൂടെയുള്ള അവരുടെ യാത്രയിൽ അവർ ഒരു നദീതീരത്തെത്തിച്ചേർന്നു. നല്ല മഴക്കാലമായിരുന്നതുകൊണ്ട് നദിയിൽ വെള്ളം പൊങ്ങി യാത്ര ദുർ‌ഘടമായിരുന്നു. അവിടെ നദിയുടെ മറുകരയിലെത്താൻ സാധിക്കാതെ വിഷമിച്ചുകൊണ്ട് ഒരു സുന്ദരിയായ പെൺകുട്ടി നിൽ‌പ്പുണ്ടായിരുന്നു. സന്യാസിവൃന്ദത്തെ കണ്ട ആ യുവതി അവരുടെ അരികിലെത്തി പുഴകടക്കാൻ സഹായം അഭ്യർത്ഥിച്ചു.

സംഘത്തലവനായ ആ സന്യാസി ആ പെൺകുട്ടിയെ ചുമലിലേറ്റി അക്കരെ കടത്തി വിട്ടു. സംഘം തീർത്ഥാടനവുമായി മുന്നോട്ട് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ‌, കൂട്ടതിലുണ്ടായിരുന്ന ഒരു സന്യാസി സംഘത്തലവനോട് ചോദിച്ചു

“ബ്രഹ്മചാരിയായ അങ്ങ് ആ പെൺ‌കുട്ടിയെ തോളിലിരുത്തി പുഴകടത്തിയത് തീരെ ശരിയായില്ല”

ഒരു പുഞ്ചിരിയോടെ സന്യാസി മറുപടി പറഞ്ഞു.

“ഞാനാ പെൺകുട്ടിയെ പുഴക്കക്കരെ ഇറക്കിവിട്ടു. നിങ്ങളിപ്പോഴും അവളെ ചുമന്നു കൊണ്ട് നടക്കുകയാണോ?”

ആവശ്യമില്ലാത്ത പലകാര്യങ്ങളും മനസ്സിൽ ചുമന്നു കൊണ്ട് നടക്കുകയും അതിനെ ചൊല്ലി വേവലാതിപ്പെടുകയും ചെയ്യുക എന്നത് ഒരു മണ്ടത്തരമാണു. ലക്ഷ്യം തേടിയുള്ള യാത്രയിൽ വരുന്ന പ്രതിബന്ധങ്ങളൊന്നും മുന്നോട്ടുള്ള യാത്രയെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ആദ്യം വേണ്ടത് ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ബോധവും അതിലേക്കെത്താനുള്ള ആത്മവിശ്വാസവും മാത്രമാണു.

പ്രജഹാതി യദാ കാമാന്‍ സർവ്വാൻ പാർത്ഥമനോഗതാൻ‌

ആത്മന്യേ വാത്മനാ തുഷ്ട സ്ഥിതപ്രജ്ഞസ്ഥതോച്യതേ

Saturday, November 13, 2010

രണ്ടു ഉറുമ്പുകള്‍

ഒരിടത് രണ്ടു ഉറുമ്പുകള്‍ ഉണ്ടായിരുന്നു. ഒരു ഉറുമ്പ് പഞ്ചസാര കുന്നിലും മറ്റേ ഉറുമ്പ് ഉപ്പു കുന്നിലും ആണ് താമസിച്ചിരുന്നത്.
ഉപ്പു കുന്നിലെ ശോഷിചിരിക്കുന്ന ഉറുമ്പിനെ കണ്ടു പഞ്ചസാര കുന്നിലെ ഉറുമ്പിനു സഹതാപം തോന്നി. പഞ്ചസാര കുന്നിലേക്ക് ക്ഷണിച്ചു. അവിയെതി ഏറെ നാള്‍ കഴിഞ്ഞിട്ടും ഉപ്പു കുന്നിലെ ഉറുമ്പ് നന്നാവുന്നില്ല. എന്തെങ്കിലും രോഗം ആയിരിക്കും എന്ന് കരുതി പഞ്ചസാര കുന്നിലെ ഉറുമ്പ് കൂട്ടുകാരനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി . ഡോക്ടര്‍ വായ്‌ തുറക്കാന്‍ പറഞ്ഞു .അതാ, വായ്ക്കകത്ത് ഒരു ഉപ്പു കല്ല്‌. അതിനാല്‍ ആണ് ശരിയായി രുചി അറിയാനോ , ആസ്വദിച്ചു ഭക്ഷിക്കണോ ഉറുമ്പിനു കഴിയാതിരുന്നത്.

നാം ശീലിച്ച സാഹചര്യത്തിനനുസരിച്ച് പുതിയ കാര്യങ്ങളെ വിലയിരുത്തരുത്‌. അത് കൊണ്ട് തന്നെ അവയുടെ ശരിയായ രുചി അറിയാനോ ആസ്വദിക്കാനൊ കഴിയില്ല.

തൊപ്പികാരന്റെ മകന്‍

തൊപ്പി വില്പനക്കാരന് പ്രായമായി. അയാള്‍ മകനെ കാര്യങ്ങള്‍ ഏല്പിച്ചു. തൊപ്പിയുടെ ഗുണം, എവിടെ നിന്ന് കിട്ടും, ഏതിനം തൊപ്പിയാണ്‌ നല്ലത്, കച്ചവട തന്ത്രങ്ങള്‍ എന്തെല്ലാമാണ് എന്നൊക്കെ പഠിപ്പിച്ചു കൊടുത്തു. കൂട്ടത്തില്‍ പണ്ട് തന്റെ തൊപ്പികള്‍ കുരങ്ങന്മാര്‍ അപഹരിച്ചതും, താന്‍ ബുദ്ധി പൂര്‍വ്വം അത് തിരിച്ചു മേടിച്ച കഥയും പറഞ്ഞു കൊടുത്തു. ഈ അനുഭവം മകന്നു ഉപകരിച്ചാലോ എന്ന് അച്ഛന്‍ കരുതി.

മകന്‍ കച്ചവടം തുടങ്ങി. യാത്രക്കിടയില്‍ ഒരിക്കല്‍ പഴയ മരച്ചുവട്ടില്‍ കിടന്നുറങ്ങി. ഉണര്‍ന്നപ്പോഴേക്കും കുരങ്ങന്മാര്‍ കുട്ടയിലെ തോപ്പികളൊക്കെ എടുത്തു കൊണ്ട് പോയി. മകന്‍ അച്ഛന്റെ ബുദ്ധി ഉപയോഗിച്ചു. സ്വന്തം തൊപ്പി ഊറി കുരങ്ങന്മാര്‍ക്ക്‌ നേരെ എറിഞ്ഞു. എല്ലാ കുരങ്ങന്മാരും കൂടി തൊപ്പികള്‍ തിരിച്ചു ഏറിയും എന്ന് അയാള്‍ കരുതി. പക്ഷെ മകനെരിഞ്ഞ തൊപ്പിയും ഒരു കുരങ്ങന്‍ പിടിച്ചെടുത്തു. എന്നിട്ട് പറഞ്ഞു " ഞങ്ങള്‍ക്കും അച്ഛന്മാരുണ്ട് ".

മറ്റുള്ളവര്‍ മണ്ടന്മാര്‍ ആണെന്ന് കരുതരുത്. അവരും ചിന്തിക്കുന്നുണ്ട്. മറ്റുള്ളവര്‍ ഇങ്ങനെയാകും എന്ന് നാം മുന്‍കൂട്ടി ചിന്തിച്ചു കളയും. അവരെ ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യും.

Tuesday, November 9, 2010

പ്രണാമങ്ങളോടെ

മഹാന്മാരുടെയും, ആചാര്യന്മാരുടെയും, ഗുരുക്കന്മാരുടെയും മൊഴിമുത്തുകള്‍ , അമൃത വചനങ്ങള്‍ അല്ലെങ്കില്‍ സാരോപദേശ കഥകള്‍ കൂട്ടി വെയ്ക്കാന്‍ ഒരിടം.
മഹത് കാര്യങ്ങള്‍ എല്ലാം ലളിതമായി കഥകളിലൂടെ, ഐതിഹ്യങ്ങളിലൂടെ നമ്മള്‍ക്ക് പറഞ്ഞു തന്ന നമ്മുടെ പൂര്‍വിക പരമ്പരക്ക് മുന്നില്‍ പ്രണാമങ്ങളോടെ