Tuesday, August 2, 2011

രണ്ടു യാത്രക്കാർ

മണൽക്കാട്ടിൽ വഴി തെറ്റിയലയുകയാണ്‌ രണ്ടു യാത്രകാർ. വിശപ്പും ദാഹവും കൊണ്ടു വശം കെടുകയാണവർ. ഒടുവിൽ അവർ ഒരു മതിൽക്കെട്ടിനു പുറത്തെത്തി. ഉള്ളിൽ ഒരു ചോലയൊഴുകുന്നതും കിളികൾ പാടുന്നതും അവർക്കു കേൾക്കാം. ഫലസമൃദ്ധമായൊരു മരത്തിന്റെ ചില്ലകൾ മതിലിനു മുകളിൽക്കൂടി കാണാനുമുണ്ട്. വളരെ രുചികരമായിരിക്കണമവ. ഒരാൾ മതിലിനു മുകളിലൂടെ വലിഞ്ഞുകയറി ഉള്ളിലെത്തി അപ്രത്യക്ഷനായി. മറ്റേയാളാവട്ടെ, വഴി തെറ്റിയ മറ്റു സഞ്ചാരികളുണ്ടെങ്കിൽ അവർക്കു മരുപ്പച്ചയിലേക്കുള്ള വഴി കാട്ടാനായി മരുഭൂമിയിലേക്കു മടങ്ങുകയാണ്‌.





കടപ്പാട് : വി.രവികുമാർ

Tuesday, May 3, 2011

യാചകനും വാക്കുകളും

നഗരമധ്യത്തിലെ തിരക്ക് പിടിച്ച ഒരു തെരുവില്‍ അന്ധനായ ഒരു വൃദ്ധന്‍ ഭിക്ഷ യാചിച്ചു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ ഒഴിഞ്ഞ ഭിക്ഷാ പാത്രതിന്നരികെ, ഒരു കാര്‍ഡ് ബോര്‍ഡ്‌ പേപ്പറില്‍ "ഈ അന്ധനെ ദയവായി സഹായികുക" എന്നെഴുതി വെച്ചിരുന്നു. നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, ആരും അതില്‍ നാണയത്തുട്ടുകള്‍ ഇട്ടില്ല. കുറച്ചു കഴിഞ്ഞു, അത് വഴി വന്ന ഒരാള്‍ ഈ യാചകനെ ശ്രദ്ധിച്ചു. ഒരുപാട് ആളുകള്‍ നോക്കി പോകുന്നതല്ലാതെ, ആരും സഹായിക്കുന്നില്ല എന്നും ആ വഴി പോക്കന്‍ നിരീക്ഷിച്ചു. അയാള്‍ ആ യാചകന്റെ അനുവാദം ചോദിച്ചു കൊണ്ട്, തന്റെ പോകറ്റില്‍ നിന്നും ഒരു മാര്കര്‍ എടുത്തു , ആ കാര്‍ഡ് ബോര്‍ഡിന്‍റെ മറുവശത്ത് എന്തോ എഴുതി. ആ ഭാഗം റോഡിനു അഭിമുഖമായി വെച്ചു. എന്നിട്ട് അയാള്‍ നടന്നു പോയി.

അത്ഭുതകരം എന്ന് പറയട്ടെ , ആളുകള്‍ പൈസ ഇടാന്‍ തുടങ്ങി. കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ ഭിക്ഷാപാത്രം നിറഞ്ഞു കവിഞ്ഞു. ഇത് ശ്രദ്ധിച്ച അന്ധനായ മനുഷ്യന്‍ അത് വഴി വന്ന അപരിചിതനോട് ആ കാര്‍ഡ്ബോര്‍ഡില്‍ മുപേ പോയ ആള്‍ എന്താണ് എഴുതിയിട്ടുള്ളത് എന്ന് ചോദിച്ചു.

"അത് ഇങ്ങനെയാണ്" അപരിചിതന്‍ പറഞ്ഞു.
"ഇതൊരു സുന്ദരമായ ദിവസം ആണ്. നിങ്ങള്‍ക്കിത് കാണാം. പക്ഷെ എനിക്കതിനു കഴിയില്ല."

ഈ ചെറിയ കഥ നമ്മള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് , ഉപയോഗിക്കുന്ന ഭാഷയെ കുറിച്ചാണ്. വാകുകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. ഏതു അവസരത്തില്‍, ഏതു തരത്തിലുള്ള ആളുകളോട്, എങ്ങനെ സംസാരിക്കണം എന്ന് അറിയുന്നത് ജീവിതത്തില്‍ വിജയങ്ങള്‍ കൈവരിക്കാന്‍ അത്യാവശ്യം വേണ്ട ഒരു ഘടകം ആണ്.

Tuesday, December 7, 2010

വിശ്വാസം‌‌‌‌

ഒരു കാട്. എല്ലാ കാടും പോലെ ഈ കാട്ടിലും ഒരു സിം‌‌ഹരാജാവും മാനും പുലിയും കടുവയും എല്ലാമുണ്ടായിരുന്നു. ആ കാട്ടില്‍‌‌‌‌‌‌ കുറേ കുറുക്കന്മാരുമുണ്ടായിരുന്നു. മാനിനേയും മുയലിനേയും കൊന്നു തിന്നായിരുന്നു കുറുക്കന്മാര്‍ ജീവിച്ചിരുന്നത്.

ഒരിക്കല്‍‌‌‌‌‌‌ കുറുക്കന്മാരിലൊരാള്‍‌‌‌‌‌‌ മുയലിനെയും മാനിനെയും അന്വേഷിച്ചു നടക്കുമ്പോള്‍‌‌‌‌‌‌ ഒരു മനുഷ്യന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ തലകുത്തി നില്ക്കുന്നത് കണ്ടു.
കുറുക്കന്‍ മനുഷ്യനോട് എന്തിനാണു തലകുത്തി നില്ക്കുന്നതെന്നു ചോദിച്ചു. അയാള്‍‌‌‌‌‌ പറഞ്ഞു ഞാനൊരു സന്യാസിയാണ്. ഒരു ജീവിയേയും ഉപദ്രവിക്കാതെ തപസ്സുചെയ്ത് ജീവിക്കാനാണു കാട്ടിലെത്തിയത്.

സന്യാസിയോട് കുറച്ചു നേരം സം‌‌സാരിച്ചപ്പോള്‍‌‌‌‌‌‌ കുറുക്കനും മറ്റു ജീവികളെ ഉപദ്രവിക്കുന്നത് അവസാനിപ്പിച്ചാലോ എന്നു തോന്നി. ആ കുറുക്കന്‍ അതിനു ശേഷം മറ്റു മുയലുകളേയോ മാനുകളേയോ കൊന്നു തിന്നാതായി. പഴങ്ങളും വീണു കിടക്കുന്ന ഉണക്കയിലകളും മാത്രമായി ആ കുറുക്കന്റെ ഭക്ഷണം‌‌. പതിയെപ്പതിയെ ആ കുറുക്കന്‍ ഒരു സന്യാസിയായി മാറി.

കുറുക്കന്‍ സന്യാസിയെക്കുറിച്ചുള്ള പ്രശസ്തി കാടാകെ പരന്നു. ആ സന്യാസിക്കുറുക്കനെക്കുറിച്ച് കേട്ടറിഞ്ഞ സിം‌‌ഹരാജനു കുറുക്കനെ തന്റെ മന്ത്രിയാക്കിയാല്‍ കൊള്ളാമെന്നു തോന്നി. സിം‌‌ഹരാജന്‍ വന്നു കുറുക്കനോട് മന്ത്രിയാകാമോ എന്നു ചോദിച്ചു. കുറുക്കന്‍ സമ്മതം മൂളി. അങ്ങനെ സന്യാസിയായ കുറുക്കന്റെ ഉപദേശത്തോടെ സിം‌‌ഹരാജന്‍ കാടു വളരെ നന്നായി ഭരിക്കാന്‍ തുടങ്ങി. സിം‌‌ഹരാജന്‍‌‌‌‌‌‌ കുറുക്കനോട് അതിരറ്റ ബഹുമാനത്തോടെയായിരുന്നു പെരുമാറിയിരുന്നത്. എന്തും സന്യാസി മന്ത്രിയോട് ചോദിച്ചേ ചെയ്യൂ.

എന്നാല്‍ മറ്റു കുറുക്കന്മാര്‍‌‌ക്ക് സന്യാസിയോട് ഭയങ്കര അസൂയയായി. അവര്‍ സന്യാസിക്കുറുക്കനെ ചതിക്കാന്‍ പദ്ധതിയിട്ടു.

ഒരു ദിവസം സിം‌‌ഹരാജാവ് കഴിക്കാന്‍ വച്ചിരുന്ന മാം‌‌സഭക്ഷണം മറ്റു കുറുക്കന്മാര്‍ മോഷ്ടിച്ച് സന്യാസിക്കുറുക്കന്റെ മുറിയില്‍ കൊണ്ടു പോയി വച്ചു. എന്നിട്ട് സിം‌‌ഹരാജനോട് സന്യാസിക്കുറുക്കന്‍ അങ്ങയുടെ ഭക്ഷണം മോഷ്ടിക്കുന്നത് ഞങ്ങള്‍ കണ്ടു എന്നു പറഞ്ഞു.

ആദ്യം സിം‌‌‌‌ഹരാജന്‍ അതു വിശ്വസിച്ചില്ലെങ്കിലും പിന്നീട് തന്റെ ഭക്ഷണം‌‌‌‌ കുറുക്കന്റെ മുറിയില്‍ നിന്നും കണ്ടെടുത്തതോടെ കുറുക്കന്‍ സന്യാസിയല്ല ചതിയനാണെന്നു കരുതി. സന്യാസിക്കുറുക്കനെ ജയിലിട്ടു.

ഇതെല്ലാം നടക്കുമ്പോള്‍‌‌‌‌‌‌ രാജാവിന്റെ അമ്മ സിം‌‌ഹം അവിടെ ഇല്ലായിരുന്നു. അയല്‍‌‌‌‌രാജ്യം സന്ദര്‍‌‌ശിക്കാന്‍ പോയ അമ്മ സിം‌‌ഹം രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍‌‌‌‌‌‌ സന്യാസിയെ ജയിലിലിട്ടതായി അറിഞ്ഞു. മന്ത്രി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നു അമ്മ സിം‌‌ഹം സിം‌‌ഹരാജാവിനോട് പറഞ്ഞു. രാജാവ് ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടു. വീണ്ടും അന്വേഷിച്ചപ്പോള്‍‌‌‌‌‌‌ കുറേ കുറുക്കന്മാര്‍ സന്യാസിക്കുറുക്കനെ ചതിച്ചതാണെന്നു മനസ്സിലായി. ആ ചതിയന്മാരായ കുറുക്കന്മാരെയെല്ലാം ജയിലിലടക്കാന്‍ സിം‌‌ഹരാജാവ് ഉത്തരവിട്ടു.

സന്യാസിക്കുറുക്കനെ ജയിലില്‍ നിന്നും മോചിപ്പിച്ചു. സന്യാസിയുടെ കാലുപിടിച്ച് സിം‌‌ഹരാജന്‍ തെറ്റിദ്ധരിച്ചതിനു മാപ്പ് പറഞ്ഞു. തുടര്‍‌‌‌‌ന്നും മന്ത്രിയായിരിക്കാന്‍ സന്യാസിയോട് അപേക്ഷിച്ചു.

സന്യാസിക്കുറുക്കന്‍ പറഞ്ഞു. "വിശ്വാസം‌‌‌‌, അത് ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടില്ല. അതു കൊണ്ട് എനിക്കിനി മന്ത്രിയാവേണ്ട, എന്നെ കാട്ടില്‍ പോയി വീണ്ടും പഴയ പോലെ സന്യാസിയായി ജീവിക്കന്‍ അനുവദിച്ചാലും‌‌". അങ്ങനെ കുറുക്കന്‍‌‌‌‌ വീണ്ടും കാട്ടില്‍ പോയി പഴയപോലെ പഴങ്ങളും ഇലകളും മാത്രം ഭക്ഷിച്ച് തപസ്സുചെയ്ത് ജീവിച്ചു.

Monday, November 22, 2010

വീട്ടമ്മയും , ചിത്രകാരനും

വീട്ടമ്മ ഒരിക്കല്‍ ഒരു ചിത്രകാരനെ കൊണ്ട് തന്റെ ചിത്രം വരപ്പിച്ചു. ചിത്രകാരന്‍ വളരെ മനോഹരമായി തന്നെ അവരെ വരച്ചു. എല്ലാം കഴിയാറായപ്പോള്‍ വീട്ടമ്മ ചിത്രകാരനോട് പറഞ്ഞു. ഒരു വൈരമാല കൂടെ എന്റെ ചിത്രത്തില്‍ വരക്കണം. ചിത്രകാരന്‍ അവരോടു ചോദിച്ചു. "അതെന്തിനാണ്? നിങ്ങള്ക്ക് വൈര മാല ഇല്ലല്ലോ... ?". വീട്ടമ്മ പറഞ്ഞു,"എനിക്ക് വലിയ ഒരു രോഗം ബാധിച്ചിരിക്കയാണ്. ഞാന്‍ മരിച്ചാല്‍ എന്റെ ഭര്‍ത്താവ് വേറെ പെണ്ണിനെ കെട്ടും. അവള്‍ ഈ വൈരമാല ചോദിച്ചു എന്റെ ഭര്‍ത്താവിന്റെ സ്വൈരം കെടുത്തും. അങ്ങനെ ഞാന്‍ മരിച്ചാല്‍ എന്റെ ഭര്‍ത്താവ് വേറെ പെണ്ണുമായി മന സമാധാനത്തോടെ സുഖിക്കണ്ട.". ചിത്രകാരന്‍ ഞെട്ടി പോയി.

ചില ആളുകള്‍ അങ്ങിനെ ആണ്. എന്ത് ചെയ്താലും മറ്റുള്ളവരെ ദ്രോഹിക്കണം എന്ന വിചാരം ഉണ്ടാവും. ഞാന്‍ നന്നായില്ലെങ്കിലും മറ്റുള്ളവര്‍ നന്നാവരുത് എന്ന ചീത്ത സ്വഭാവം ആണ് അത്. "എന്റെ" എന്നുള്ള വിചാരം തന്നെ ഹിംസ ആണ്.
അവനവന്നാത്മ സുഖത്തിനായ് ആച്ചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം
എന്ന ഗുരുദേവ വാക്യം ഓര്‍മ്മിച്ചു കൊണ്ട് വേണം നമ്മള്‍ ജീവിക്കാന്‍.

സുന്ദരിയായ പെൺകുട്ടി

ഒരിക്കൽ ഒരു മുതിർന്ന സന്യാസിയും ശിഷ്യന്മാരും തീർത്ഥാടനത്തിന്റെ ഭാഗമായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു. ഭാരതവർഷത്തിലെ പുണ്യസ്ഥലങ്ങളിലൂടെയുള്ള അവരുടെ യാത്രയിൽ അവർ ഒരു നദീതീരത്തെത്തിച്ചേർന്നു. നല്ല മഴക്കാലമായിരുന്നതുകൊണ്ട് നദിയിൽ വെള്ളം പൊങ്ങി യാത്ര ദുർ‌ഘടമായിരുന്നു. അവിടെ നദിയുടെ മറുകരയിലെത്താൻ സാധിക്കാതെ വിഷമിച്ചുകൊണ്ട് ഒരു സുന്ദരിയായ പെൺകുട്ടി നിൽ‌പ്പുണ്ടായിരുന്നു. സന്യാസിവൃന്ദത്തെ കണ്ട ആ യുവതി അവരുടെ അരികിലെത്തി പുഴകടക്കാൻ സഹായം അഭ്യർത്ഥിച്ചു.

സംഘത്തലവനായ ആ സന്യാസി ആ പെൺകുട്ടിയെ ചുമലിലേറ്റി അക്കരെ കടത്തി വിട്ടു. സംഘം തീർത്ഥാടനവുമായി മുന്നോട്ട് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ‌, കൂട്ടതിലുണ്ടായിരുന്ന ഒരു സന്യാസി സംഘത്തലവനോട് ചോദിച്ചു

“ബ്രഹ്മചാരിയായ അങ്ങ് ആ പെൺ‌കുട്ടിയെ തോളിലിരുത്തി പുഴകടത്തിയത് തീരെ ശരിയായില്ല”

ഒരു പുഞ്ചിരിയോടെ സന്യാസി മറുപടി പറഞ്ഞു.

“ഞാനാ പെൺകുട്ടിയെ പുഴക്കക്കരെ ഇറക്കിവിട്ടു. നിങ്ങളിപ്പോഴും അവളെ ചുമന്നു കൊണ്ട് നടക്കുകയാണോ?”

ആവശ്യമില്ലാത്ത പലകാര്യങ്ങളും മനസ്സിൽ ചുമന്നു കൊണ്ട് നടക്കുകയും അതിനെ ചൊല്ലി വേവലാതിപ്പെടുകയും ചെയ്യുക എന്നത് ഒരു മണ്ടത്തരമാണു. ലക്ഷ്യം തേടിയുള്ള യാത്രയിൽ വരുന്ന പ്രതിബന്ധങ്ങളൊന്നും മുന്നോട്ടുള്ള യാത്രയെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ആദ്യം വേണ്ടത് ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ബോധവും അതിലേക്കെത്താനുള്ള ആത്മവിശ്വാസവും മാത്രമാണു.

പ്രജഹാതി യദാ കാമാന്‍ സർവ്വാൻ പാർത്ഥമനോഗതാൻ‌

ആത്മന്യേ വാത്മനാ തുഷ്ട സ്ഥിതപ്രജ്ഞസ്ഥതോച്യതേ

Saturday, November 13, 2010

രണ്ടു ഉറുമ്പുകള്‍

ഒരിടത് രണ്ടു ഉറുമ്പുകള്‍ ഉണ്ടായിരുന്നു. ഒരു ഉറുമ്പ് പഞ്ചസാര കുന്നിലും മറ്റേ ഉറുമ്പ് ഉപ്പു കുന്നിലും ആണ് താമസിച്ചിരുന്നത്.
ഉപ്പു കുന്നിലെ ശോഷിചിരിക്കുന്ന ഉറുമ്പിനെ കണ്ടു പഞ്ചസാര കുന്നിലെ ഉറുമ്പിനു സഹതാപം തോന്നി. പഞ്ചസാര കുന്നിലേക്ക് ക്ഷണിച്ചു. അവിയെതി ഏറെ നാള്‍ കഴിഞ്ഞിട്ടും ഉപ്പു കുന്നിലെ ഉറുമ്പ് നന്നാവുന്നില്ല. എന്തെങ്കിലും രോഗം ആയിരിക്കും എന്ന് കരുതി പഞ്ചസാര കുന്നിലെ ഉറുമ്പ് കൂട്ടുകാരനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി . ഡോക്ടര്‍ വായ്‌ തുറക്കാന്‍ പറഞ്ഞു .അതാ, വായ്ക്കകത്ത് ഒരു ഉപ്പു കല്ല്‌. അതിനാല്‍ ആണ് ശരിയായി രുചി അറിയാനോ , ആസ്വദിച്ചു ഭക്ഷിക്കണോ ഉറുമ്പിനു കഴിയാതിരുന്നത്.

നാം ശീലിച്ച സാഹചര്യത്തിനനുസരിച്ച് പുതിയ കാര്യങ്ങളെ വിലയിരുത്തരുത്‌. അത് കൊണ്ട് തന്നെ അവയുടെ ശരിയായ രുചി അറിയാനോ ആസ്വദിക്കാനൊ കഴിയില്ല.

തൊപ്പികാരന്റെ മകന്‍

തൊപ്പി വില്പനക്കാരന് പ്രായമായി. അയാള്‍ മകനെ കാര്യങ്ങള്‍ ഏല്പിച്ചു. തൊപ്പിയുടെ ഗുണം, എവിടെ നിന്ന് കിട്ടും, ഏതിനം തൊപ്പിയാണ്‌ നല്ലത്, കച്ചവട തന്ത്രങ്ങള്‍ എന്തെല്ലാമാണ് എന്നൊക്കെ പഠിപ്പിച്ചു കൊടുത്തു. കൂട്ടത്തില്‍ പണ്ട് തന്റെ തൊപ്പികള്‍ കുരങ്ങന്മാര്‍ അപഹരിച്ചതും, താന്‍ ബുദ്ധി പൂര്‍വ്വം അത് തിരിച്ചു മേടിച്ച കഥയും പറഞ്ഞു കൊടുത്തു. ഈ അനുഭവം മകന്നു ഉപകരിച്ചാലോ എന്ന് അച്ഛന്‍ കരുതി.

മകന്‍ കച്ചവടം തുടങ്ങി. യാത്രക്കിടയില്‍ ഒരിക്കല്‍ പഴയ മരച്ചുവട്ടില്‍ കിടന്നുറങ്ങി. ഉണര്‍ന്നപ്പോഴേക്കും കുരങ്ങന്മാര്‍ കുട്ടയിലെ തോപ്പികളൊക്കെ എടുത്തു കൊണ്ട് പോയി. മകന്‍ അച്ഛന്റെ ബുദ്ധി ഉപയോഗിച്ചു. സ്വന്തം തൊപ്പി ഊറി കുരങ്ങന്മാര്‍ക്ക്‌ നേരെ എറിഞ്ഞു. എല്ലാ കുരങ്ങന്മാരും കൂടി തൊപ്പികള്‍ തിരിച്ചു ഏറിയും എന്ന് അയാള്‍ കരുതി. പക്ഷെ മകനെരിഞ്ഞ തൊപ്പിയും ഒരു കുരങ്ങന്‍ പിടിച്ചെടുത്തു. എന്നിട്ട് പറഞ്ഞു " ഞങ്ങള്‍ക്കും അച്ഛന്മാരുണ്ട് ".

മറ്റുള്ളവര്‍ മണ്ടന്മാര്‍ ആണെന്ന് കരുതരുത്. അവരും ചിന്തിക്കുന്നുണ്ട്. മറ്റുള്ളവര്‍ ഇങ്ങനെയാകും എന്ന് നാം മുന്‍കൂട്ടി ചിന്തിച്ചു കളയും. അവരെ ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യും.